Kerala
ലക്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില് കേരളത്തിനെതിരെ വിദർഭയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വിദർഭ വിജയിച്ചത്. കേരളം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒൻപത് പന്ത് ബാക്കി നിൽക്കെ വിദർഭ മറികടന്നു. നാല് വിക്കറ്റ് മാത്രമാണ് വിദർഭയ്ക്ക് നഷ്ടമായത്.
അഥർവ തായ്ഡെയുടെ അർധ സെഞ്ചുറിയുടെയും ശിവം ദേശ്മുഖിന്റെയും ധ്രുവ് ഷോറെയുടെയും വരുൺ ബിഷ്ടിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വിദർഭ വിജയലക്ഷ്യം മറികടന്നത്. തായ്ഡെ 54 റൺസാണ് എടുത്തത്.
ശിവം ദേശ്മുഖ് 29 റൺസും ധ്രുവ് ഷോറെയും വരുൺ ബിഷ്ടും 22 റൺസ് വീതമെടുത്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷ്, വിഘ്നേഷ് പുതൂർ, ഷറഫുദീൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില് 164 റണ്സിന് ഓൾ ഔട്ടാവുകയായിരുന്നു. അര്ധ സെഞ്ചുറികള് നേടിയ വിഷ്ണു വിനോദും രോഹന് കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന് കുന്നുമ്മല് 35 പന്തില് 58 റണ്സടിച്ചപ്പോള് വിഷ്ണു വിനോദ് 37 പന്തില് 65 റണ്സെടുത്തു.
16 റണ്സെടുത്ത അബ്ദുള് ബാസിത് മാത്രമാണ് കേരളനിരയില് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്. ഓപ്പണറായി ഇറങ്ങിയ നായകൻ സഞ്ജു സാംസണ് നാലു പന്തില് ഒരു റണ്സെടുത്ത് പുറത്തായി.
വിദര്ഭയ്ക്കായി യാഷ് താക്കൂര് അഞ്ച് വിക്കറ്റ് വീഴ്ത്തി. അദ്യായൻ ഡഗ മൂന്ന് വിക്കറ്റും നചികേത് ഭൂട്ടെ രണ്ട് വിക്കറ്റും എടുത്തു.
Kerala
ലക്നോ: സയിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ഒഡീഷയെ 10 വിക്കറ്റിന് തകർത്ത് കേരളം തുടങ്ങി. വിജയലക്ഷ്യമായ 177 റൺസ് 16.3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ കേരളം മറികടന്നു.
60 പന്തിൽ 121 റൺസ് അടിച്ചുകൂട്ടിയ രോഹൻ എസ്. കുന്നുമ്മലിന്റെ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 51 റൺസുമായി രോഹന് മികച്ച പിന്തുണ നൽകി.
10 ഫോറും 10 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. 41 പന്തിൽ ആറ് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് സഞ്ജു അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ബിപ്ലാബ് സമൻട്രേ (53), സാംപിറ്റ് ബാൽ (40) എന്നിവരാണ് ഒഡീഷ നിരയിൽ തിളങ്ങിയത്. കേരളത്തിനായി നിധീഷ് എം.ഡി നാല് വിക്കറ്റ് വീഴ്ത്തി. ആസിഫ് കെ.എം രണ്ട് വിക്കറ്റുകൾ നേടി.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒന്നാം ഇന്നിംഗ്സിൽ സൗരാഷ്ട്രയെ 160 റണ്സിന് എറിഞ്ഞിട്ട് കേരളം. എം.ഡി. നിധീഷിന്റെ തകർപ്പൻ പ്രകടനമാണ് സൗരാഷ്ട്രയെ തകർത്തത്. 13 ഓവറിൽ 20 റണ്സ് വഴങ്ങി ആറ് വിക്കറ്റുകളാണ് നിധീഷ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 55.2 ഓവറിൽ 160ന് ഓൾഔട്ടായി. ജയ് ഗോഹിലിനു മാത്രമാണ് സൗരാഷ്ട്ര നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 123 പന്തുകൾ നേരിട്ട ജയ് ഗോഹിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 84 റണ്സെടുത്താണ് മടങ്ങിയത്.
ഗജ്ജർ സമ്മർ 56 പന്തിൽ 23 റണ്സെടുത്തു. ക്യാപ്റ്റൻ ജെ. ഉനദ്ഘട്ട് 16 റണ്സും പ്രേരക് മങ്കാട് 13ഉം ഡി.ജെ. ജഡേജ 11 റണ്സും നേടി. മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
കേളത്തിനായി നിധീഷ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാബാ അപരാജിത് മൂന്ന് വിക്കറ്റുകൾ പിഴുതു. ഏദൻ ആപ്പിൽ ടോം ഒരു വിക്കറ്റും നേടി.
Kerala
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസ് എന്ന നിലയിലാണ്.
ഗംഭീര തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഓവറിലെ നാല്, അഞ്ച് പന്തുകളിൽ വിക്കറ്റ് പിഴുത എം.ഡി.നിധീഷ് മഹാരാഷ്ട്രയെ പ്രതിരോധത്തിലാക്കി. പൃഥ്വി ഷാ, സിദ്ധേഷ് വീർ എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് നേടിയത്.
ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ അർഷിൻ കുൽക്കർണിയും (പൂജ്യം), നാലാം ഓവറിൽ ക്യാപ്റ്റൻ അൻകിത് ബാവ്നെയും (പൂജ്യം) പുറത്തായതോടെ മഹാരാഷ്ട്രയുടെ സ്കോർ അഞ്ച് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി. സ്കോർ 18-ൽ നിൽക്കേ 12 റൺസ് നേടിയ സൗരഭ് നവാലെ കൂടി വീണതോടെ മത്സരത്തിൽ കേരളം പിടിമുറുക്കി.
എന്നാൽ ആറാം വിക്കറ്റിൽ ഋതുരാജ് ഗെയ്വാദും ജലജ് സക്സേനയും ഒത്തുചേർന്നതോടെ മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നു. 91 റൺസ് നേടിയ ഋതുരാജിനെയും 49 റൺസ് നേടിയ സക്സേനയെയും മടക്കി മത്സരം കേരളം വീണ്ടും വരുതിയിലാക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു.
കളിനിർത്തുമ്പോൾ രാമകൃഷ്ണ ഗോഷ് (11), വിക്കി ഒസ്വാൾ (10) എന്നിവരാണ് ക്രീസിൽ. കേരളത്തിനായി എം.ഡി. നിധീഷ് നാലും എൻ. ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.